Thursday, 12 February 2015

ഒച്ചയില്ലാത്ത കരച്ചില്‍

പട്ടികളെ എനിക്കെന്നും പേടിയായിരുന്നു
വായതുറന്ന്  വെള്ളമൊലിപ്പിച്ച്
ഓടിവരുന്ന പട്ടി
എന്നും എന്റെ പേടി സ്വപ്നമായിരുന്നു
അന്നൊരു വിഷു നാളിൽ
പുതു വസ്ത്രമണിഞ്ഞ് പോകുമ്പോൾ
അസൂയയോടെ  എന്റെ ഷാളിൽ കടിച്ച്  പിടിച്ച്
വിടാതെ നിന്ന ആ പട്ടി
ഇപ്പോഴും മനസ്സിലുണ്ട്

പട്ടികള്‍ രണ്ട് തരമുണ്ട്
താൻ കഴിക്കുന്നതൊക്കെയും കൊടുത്ത്
തന്റെ കൂടെ കിടത്തിയുറക്കി
ആരുവരുമ്പോഴും കുരക്കാൻ പഠിപ്പിച്ച്
ഓമനിച്ച്  വളർത്തുന്ന
വീടുകളിലെ പട്ടി
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി
തെരുവുമുഴുവന്‍ അലഞ്ഞ് തിരിഞ്ഞ്
നിരാശരായി യാത്ര തുടരുന്ന
തെരുവുനായ്ക്കള്‍

അവയുടെ കണ്ണുകളില്‍ സൂക്ഷിച്ച്
നോക്കിയാല്‍ കണ്ണീരു കാണാം
വിശപ്പിന്റെ കണ്ണുനീര്‍
അവര്‍ ആരേയും
കുരച്ചുപോലും പേടിപ്പിക്കാറില്ല
പകലത്തെ കഷ്ടപ്പാടോര്‍ത്ത്
രാത്രി മാത്രം കുരയ്ക്കും
കുര എന്നു പറയുവാന്‍ കഴിയില്ല
കരച്ചില്‍ വിഴുങ്ങിയപോലുള്ള ഒരൊച്ച

നായ്ക്കളെ പേടിയാണെങ്കിലും ഇവയോട്
എനിക്കെന്നും സഹതാപമായിരുന്നു
രാത്രിയില്‍ കളയുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍
തിന്നാനെന്തെങ്കിലും ഉണ്ടോയെന്ന്
അവ തിരഞ്ഞു നോക്കും
കിട്ടിയത് കഴിച്ച് പിന്നെയും
അവശിഷ്ടങ്ങള്‍ തേടി യാത്ര തുടരും

സ്വബോധത്തില്‍ ആരേയും കടിക്കാറില്ല
പിന്നെ ഭ്രാന്ത് വന്നാല്‍
ആരാണുപദ്രവിക്കാത്തത് ?
ഭക്ഷണം പോലും കിട്ടാതെ നിരാശനായി
ജീവിതവ്യഥ  പേറി അലഞ്ഞ് തിരിയുമ്പോൾ
ആര്‍ക്കാണ് ഭ്രാന്ത് പിടിക്കാത്തത്?

Wednesday, 11 February 2015

ഒരു വിരല്‍ നാരു മാത്രം

അങ്ങ് തെങ്ങിനു മുകളില്‍
ഒരോല വീഴാറായിരിക്കുന്നു
ഇന്നലെ വരെ തൊട്ടടുത്ത മാവിനു കൈകോര്‍ത്ത്
ഒരു തുള്ളി വെളിച്ചത്തെ പോലും 
താഴെ വീഴാനനുവദിക്കാതെ 
വിടര്‍ന്നു നിന്നിരുന്ന ഒരോല
ഏതു നിമിഷവും വീഴുമെന്ന മട്ടില്‍ 
ആരോടും മിണ്ടാതെ താഴോട്ടു നോക്കി
തെങ്ങിനോടു പറ്റി കിടക്കുന്നു...

ഇന്നലെ വരെ കടന്നു പോവാനനുവദിക്കാത്തതിന്റെ
പ്രതികാരത്തില്‍ കാറ്റ് 
തള്ളിയിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു 
എന്നാല്‍ തെങ്ങാകട്ടെ
ഒരു വിരല്‍ നാരുമാത്രം അവശേഷിക്കെ 
നിന്നെ എന്നില്‍ നിന്നടര്‍ത്തിമാറ്റാന്‍
ആര്‍ക്കും കഴിയില്ലെന്നു സാന്ത്വനിപ്പിച്ച്
തന്റെ ശരീരത്തൊടു ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നു
നിന്നെ വീഴാനനുവദിച്ചാല്‍ നാളെ
നിന്റെ കൈകളെല്ലാം അറുത്തുമാറ്റപ്പെടും
ആരുടേയോ അടുപ്പില്‍ നീ കത്തിയമരും
എന്നു സ്വയം വിലപിക്കുന്നു...

ആ വിരല്‍ നാരില്‍ തൂങ്ങി
ഓല ആടിക്കൊണ്ടേയിരുന്നു
ഒരു പാടു നാളത്തെ പരിശ്രമത്തില്‍
കാറ്റ് വിജയം കണ്ടു 
പിന്നെ തെങ്ങ് താഴോട്ട് നോക്കിയതേയില്ല 
ഇന്ന് തന്റെ ഭാഗമായിരുന്ന ഓലകളെല്ലാം
വീണുപോയിരിക്കുന്നു
ചുറ്റുമുണ്ടായിരുന്ന മാവുകളും പ്ലാവുകളുമെല്ലാം...
ഒരു പച്ചപ്പു പോലും അവശേഷിക്കാതെ
ഉണങ്ങിയ ശരീരവുമായി ഞാന്‍മാത്രം 
നിന്നെക്കൊണ്ട് നമുക്കല്ലാതെ
വേറെ ആര്‍ക്കും പ്രയോജനമില്ലെന്ന്
മരംകൊത്തികള്‍ വിളിച്ചറിയിക്കുന്നു... 

അന്ന് ഓലകളെ പിടിച്ചു നിര്‍ത്തിയിരുന്ന തെങ്ങിനെ
ഇപ്പോള്‍ വേരുകള്‍ പിടിച്ചു നിര്‍ത്തുന്നു 
ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നു ശാഠ്യം പിടിക്കുന്നു 
അവസാനം വേരുകളില്‍ നിന്നടര്‍ത്തിമാറ്റപ്പെട്ട് 
അത് ഭൂമിയിലേക്കു വീണു.

ഇന്ന് ആ മൃതശരീരത്തിനു മുകളിലിരുന്ന്
അതിന്റെ ജീവചിത്രം വരയ്ക്കുമ്പോൾ  
നാളെയെക്കുറിച്ചോര്‍ക്കാന്‍
ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

Thursday, 28 November 2013

പ്രതിഫലനം

തന്നേക്കാള്‍ മുന്നില്‍ നടക്കുന്നവരെ                                                                
കാണുമ്പോള്‍ തോന്നിയ അസൂയയും
പിന്നില്‍ വരുന്നവരെ
കണ്ടപ്പോള്‍ തോന്നിയ അഹങ്കാരവും
എല്ലാം അടക്കി,
ഒന്നു മാന്യനാവാന്‍ ഞാന്‍ പറയുന്ന
വാക്കുകള്‍ക്കിടയില്‍ നിന്നിടയ്ക്ക്
ഒളിഞ്ഞു നോക്കുന്നു
സത്യത്തിന്റെ കണ്ണുകള്‍
പരിഭ്രമിച്ച് അവരുടെ സുഖം തിരയുന്നു
എന്നിലെ ഉന്നം തെറ്റിയ മാന്യന്‍

പരാജയങ്ങളുടെ അടിയേറ്റു തളര്‍ന്ന ദു:ഖവും
വിജയത്തിന്റെ തലോടലേറ്റുണര്‍ന്ന സുഖവും
എല്ലാം സംസ്ക്കരിച്ച്,
രൂപം കൊണ്ട വാക്കുകളേ...
പ്രതിഫലിക്കുന്ന ഭാവങ്ങളേ...
നിങ്ങളാണെന്റെ ശത്രു.

Wednesday, 27 November 2013

ബാല്യം


അമ്മയുടെ മടിയില്‍
ശാന്തമായുറങ്ങുന്ന ബാല്യമേ
വീണ്ടും നീ ഉണരുമോ?

നാമൊരുമിച്ചു കളിച്ച മാവിന്‍ ചോട്ടില്‍
കളിവീട് പണിയുവാന്‍
വളഞ്ഞൊരാക്കൊമ്പില്‍
ഊഞ്ഞാലൊന്നു കെട്ടാന്‍
പുളിയില്ലാത്ത പിണക്കത്തിന്‍
മധുരം നുണയുവാന്‍
അന്ന് കളഞ്ഞു പോയ
ഓലപ്പന്ത് തിരയാന്‍
അഴിഞ്ഞു വീണൊരാ പട്ടത്തിന്‍
ചരടൊന്നു കോര്‍ക്കുവാന്‍
ആ കടലാസുതോണിയില്‍
ഒരുമിച്ചു തുഴയാന്‍..

നന്മയുടെ നിറമേന്തിയ
തിളങ്ങുന്ന നിന്റെ കണ്ണുകളും
തെളിഞ്ഞൊരാപുഞ്ചിരിയും
ചിതറുന്ന മഞ്ചാടിക്കുരുവും...
ഓര്‍മ്മതന്‍ താളുകള്‍ക്കിടയില്‍
വിരിയുന്നു ഒരായിരം മയില്‍പ്പീലികള്‍

ചിന്തകളുടെ കൂടു വിട്ട്
നിന്നിലേക്കു പറക്കുവാന്‍
തുടിക്കുന്നു എന്‍ ചിറകുകള്‍

Thursday, 31 October 2013

കൈവേരുകള്‍

എന്റെ മുറിവില്‍ പിടയുന്നു നിന്റെ വേദന                                                      
ചൊടിയില്‍ വിടരുന്നു നിന്‍ പുഞ്ചിരി
എന്റെ കണ്ണില്‍ തെളിയുന്നു
നിന്റെ സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ ...

നിന്റെ കൈവേരുകള്‍ പിടിച്ചു വളര്‍ന്നു
ഞാനെന്ന ഈ കുഞ്ഞു തൈ...
കാറ്റില്‍ ആടിയുലയുമ്പോഴും
കനത്ത മഴയില്‍
നിന്ന മണ്ണ് ഒലിച്ചു പോകുമ്പോഴും
കടും വേനലില്‍ ചില്ലകള്‍ ഉണങ്ങുമ്പോഴും
എല്ലാം പിടിച്ചു നിര്‍ത്തുന്നത്
ആ വേരിന്റെ ആഴമാണ്...

ഇപ്പോഴും നീ
എന്നില്‍ നിന്നും ഉണങ്ങി വീഴുന്ന
നിന്റെ മോഹച്ചില്ലകള്‍ പെറുക്കി
ഞാനറിയാതെ നിശബ്ദമായി കരയുന്നു
എന്നില്‍ നിന്നും കൊഴിഞ്ഞു വീണ ഇലകളില്‍ ചവുട്ടി
എന്റെ വിജയത്തിന്റെ പച്ചിലകളില്‍
പ്രതീക്ഷയുടെ തണല്‍ തേടുന്നു.

എപ്പോഴും ഞാന്‍ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍
എപ്പോള്‍ വരുമെന്ന ചോദ്യം ഒളിപ്പിച്ച്
നിന്റെ കണ്ണുകള്‍ മറുപടി തേടുന്നു
നാളെ കാണാന്‍ വേണ്ടി, മുഴുവന്‍ പറയാതെ
നിന്റെ വാക്കുകള്‍ പൂര്‍ണ്ണത തിരയുന്നു

ഞാന്‍ പോയ വഴികളില്‍
കൊഴിഞ്ഞു വീണ കൊന്നപ്പൂക്കളില്‍ കണ്ണും നട്ട്
നീ മറ്റൊരു വിഷുക്കാലം കാത്തിരിക്കുന്നു
വീണ്ടും ഒരു കുഞ്ഞു തൈ ആവാന്‍ ഞാനും...

Sunday, 27 October 2013

ആത്മഹത്യ

ഇന്നലെ പുസ്തകത്തിൽ നിന്നും
ആരോ ചിന്തിയ താളിലായിരുന്നു
എന്റെ പ്രതീക്ഷ...

അന്ന് മരത്തിൽ നിന്നും
ഉതിർന്നു വീണ പൂങ്കുലകളിലായിരുന്നു
എന്റെ പുഞ്ചിരി...

എപ്പോഴോ പറന്നുപോയ
കിളിയുടെ കൂട്ടിൽ
അടഞ്ഞു കിടക്കുകയായിരുന്നു
എന്റെ സ്വപ്നങ്ങൾ...

ഒരിക്കലും പൂർത്തിയാകാത്തചിത്രങ്ങൾക്ക്
വർണ്ണം തേടുകയായിരുന്നു
എന്റെ ക്യാൻവാസ്.

ഇന്നു മുന്നില്‍ കാണുന്ന
വായിക്കാനിരിക്കുന്ന
പുസ്തകത്താളുകളും
വിരിഞ്ഞ പൂങ്കുലകളും
കിളികളുടെ സംഗീതവും
പൂര്‍ത്തിയായ ചിത്രങ്ങളും
വിടര്‍ന്ന മഴവില്ലും
എല്ലാം എനിക്ക്
സ്മൃതിയുടെ ജഡം മാത്രം

മരിച്ച മോഹങ്ങളോടുള്ള
അടങ്ങാത്ത പ്രണയമേ നീ
അടഞ്ഞ വാതിലുകളായി...
പലരുടേയും സ്നേഹത്തെ കരയിപ്പിച്ച്
നിനക്കൊപ്പം ഞാനും..

Tuesday, 22 October 2013

പേന

എന്റെ മനസ് കരയുമ്പോൾ
സാന്ത്വനത്തിന്റെ നിറമാണ്
നിന്റെ മഷിക്ക്...

എന്റെ മനസ് രോഷാകുലമാവുമ്പോൾ
പ്രതികാരത്തിന്റെ നിറമേന്തി നീ ചലിക്കുന്നു
ചിന്തകൾ പാതിവഴിക്കു മുറിയുമ്പോൾ
നീ കടലാസിനെ കുത്തിനോവിക്കുന്നു
എന്നും എന്റെ മനസിന്റെ നിറമായിരുന്നു
നിന്റെ മഷിക്ക്...

മനസിന്റെ താളത്തിനൊപ്പം
നീ നൃത്തം  വെച്ചപ്പോൾ
ചിലപ്പോൾ മനോഹരവും
മറ്റു  ചിലപ്പോൾ വികൃതവുമായി
ഇടക്ക് എന്റെ കള്ളത്തരങ്ങൾ
ഒപ്പിയെടുത്ത് വഞ്ചിക്കുമ്പോൾ
ആ അക്ഷരങ്ങൾ എനിക്ക്
നന്മയുടെ നിറമേകി...

ഇരുളടഞ്ഞ മനസിനേയും വഹിച്ച്
നീ പ്രകാശത്തിലേക്ക്‌ കുതിച്ചു
എങ്കിലും മഷിയുടെ നിറം മങ്ങുമ്പോൾ
ഞാൻ നിന്നെ നിന്നെ വലിച്ചെറിയും
ഓർമ്മകളുടെ നിറം മങ്ങുമ്പോൾ
ഞാനും വലിച്ചെറിയപ്പെടും.