Monday, 2 September 2013

ഉറുമ്പിന്റെ തേങ്ങലുകൾ

ഞാൻ എന്തു തെറ്റ് ചെയ്തു
നീ എന്നെ ചവിട്ടാനൊരുങ്ങുമ്പോൾ
നിന്റെ  പാദങ്ങൾ ചുംബിച്ചതോ
നിന്റെ കരങ്ങൾക്കിടയിൽ ഞാൻ
ഞെരിഞ്ഞമർന്നപ്പോൾ
എന്റെ കൂട്ടുകാർ നിന്നെ
പൊതിഞ്ഞതോ?

അഗാധമായ ഏതോ ജലാശയത്തിൽ
ഞാൻ വീണപ്പോൾ നീയെന്നെ കണ്ടില്ല
നിന്റെ നാവൊന്നു കടിച്ചപ്പോൾ
ശക്തമായ കാറ്റിൽ ഞാൻ  പുറത്തേക്ക് വീണു
ആ വീഴ്ച്ചയിൽ എന്റെ ഒരു കാലൊടിഞ്ഞു
വരിവരിയായി പോകുന്ന ഞങ്ങൾക്കിടയിൽ
നീ കാലുകൊണ്ട്‌ പ്രതിരോധം തീർത്തു
സന്ദേശം മുറിഞ്ഞപ്പോൾ വഴിയറിയാതെ
ഞങ്ങൾ അങ്ങുമിങ്ങും അലഞ്ഞു
നീ എപ്പോഴും കുത്തുന്ന സാധനം
ഞങ്ങൾക്കില്ലല്ലോ?

ചുമരിന്റെ മൂലയിലൂടെ വീട്ടിലേക്കു പോകുമ്പോൾ
ഒരു മണ്ണുമാന്തി യന്ത്രവുമായി
എന്റെ പിറകിൽ വന്നതോർമ്മയില്ലേ
ഓടി ഞാൻ ഭിത്തിയുടെ മൂലയിൽ
ഒളിച്ചപ്പോൾ ജലപീരങ്കിയുമായി..
എന്റെ കൂട്ടുകാരെയെല്ലാം നീ വധിച്ചു
അബോധാവസ്ഥയിൽ രണ്ടു ദിവസം
അന്നു ഞാൻ വീടിന്റെ പുറത്തുവരെയെത്തിച്ച
രണ്ടു പഞ്ചസാരമണികളും നീ കവർന്നില്ലേ 
എന്റെ വീടിനു തീയ്യിട്ടില്ലേ?

നിന്റെ കണ്ണുകൾക്കൊപ്പം അക്ഷരങ്ങൾക്കിടയിൽ
ഓടി നടന്നപ്പോൾ നിന്റെ കണ്ണുകൾ
ദിശമാറ്റിയതും ഒരു മതിൽക്കെട്ട്
എന്റെ മുകളിൽ അടർന്നു വീണതും
അതിന്റെയിടയിൽപ്പെട്ട് ശ്വാസം മുട്ടിയതും
അങ്ങനെ എത്രയെത്ര ദുരന്ത കഥകൾ!

എന്നിട്ടും നീയെന്നെ വെറുതെ വിടാത്തതെന്തേ
ചെറുതെങ്കിലും എനിക്കുമില്ലേ ഈ ഭൂമിയിൽ അവകാശം
നിന്റെ പാദങ്ങൾക്കിടയിൽ ഞെരിഞ്ഞമരേണ്ടതാണോ 
എന്റെ വിലപ്പെട്ട ജീവിതം ...

2 comments:

  1. എന്റെ കൂട്ടുകാരെയെല്ലാം നീ വധിച്ചു

    അബോധാവസ്ഥയിൽ രണ്ടു ദിവസം

    അന്നു ഞാൻ വീടിന്റെ പുറത്തുവരെയെത്തിച്ച

    രണ്ടു പഞ്ചസാരമണികളും നീ കവർന്നില്ലേ

    എന്റെ വീടിനു തീയ്യിട്ടില്ലേ?
    GREAT

    ReplyDelete